അവസാന നിമിഷം വരെ ആവേശം, നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ചെന്നൈ

ദുബായ്: ഐപിഎല്ലിലെ 49ാം മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സ്. 173 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയെ വിജയത്തിൽ എത്തിച്ചത് അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു. 11 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു. അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്‌ക്‌വാദ് (47 പന്തില്‍ 63), അംബാട്ടി റായ്ഡു (20 പന്തില്‍ 38) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.

അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10 റണ്‍സായിരുന്നു. കമലേഷ് നാഗര്‍കോട്ടിയുടെ അഞ്ചാമത്തെയും ആറാമത്തെയും പന്ത് സിക്‌സര്‍ പറത്തിക്കൊണ്ടാണ് ജഡേജ ചെന്നൈക്ക് വിജയം സമ്മാനിച്ചത്.

ഷെയ്ന്‍ വാട്ട്‌സണ്‍ – ഋതുരാജ് സഖ്യം മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. 7.3 ഓവറില്‍ 50 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ 14 റണ്‍സെടുത്ത വാട്ട്‌സണെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു.

പിന്നാലെ എത്തിയ അമ്ബാട്ടി റായുഡുവിനെ കൂട്ടുപിടിച്ച്‌ ഋതുരാജ് 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 38 റണ്‍സെടുത്ത റായുഡുവിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ എം.എസ്.ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. നിതീഷ് റാണയുടെ മികച്ച ബാറ്റിങ്ങാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 61 പന്ത് നേരിട്ട റാണ 87 റണ്‍സെടുത്തു. 10 ഫോറും നാലു സിക്സറും ഉള്‍പ്പെടുന്നതായിരുന്നു നിതീഷ് റാണയുടെ ഇന്നിംഗ്സ്.

നേരത്തെ ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച തുടക്കമാണ് നിതീഷ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗില്‍ പുറത്തായതോടെ മധ്യനിര തകര്‍ന്നു. സുനില്‍ നരെയ്ന്‍, ഇയന്‍ മോര്‍ഗന്‍, റിങ്കു സിങ് എന്നിവര്‍ പെട്ടെന്ന് പുറത്തായി.

അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്ക് സ്കോറിങ് വേഗം കൂട്ടി. കാര്‍ത്തിക് പുറത്താകാതെ 21 റണ്‍സെടുത്തു. ചെന്നൈയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കന്‍ താരം ലുംഗി എംഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →