തിരുവനന്തപുരം: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വ്യാഴാഴ്ച (29/10/20) രാവിലെയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.
14 ദിവസത്തേക്കായിരുന്നു ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ടത് എങ്കിലും ഒരാഴ്ചത്തെ കസ്റ്റഡിയാണ് കോടതി അംഗീകരിച്ചത്.
ശിവശങ്കറിന് ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. രാത്രി വിശ്രമം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച (28/10/20) രാത്രി 10 മണിയോടെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

