ഒടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 28-10- 2020, ബുധനാഴ്ച ഏഴു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശിവശങ്കറെ അറസ്റ്റ് ചെയ്തത് .

കള്ളപ്പണനിരോധനനിയമ (പ്രിവൻഷൻ ഓഫ് മണി ലോൺടറിങ് ആക്ട്) ത്തിലെ മൂന്നും നാലും വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, കള്ളപ്പണം കൈകാര്യം ചെയ്യൽ, കള്ളപ്പണം കടത്തൽ, കള്ളപ്പണം കടത്തുന്നതിന് കൂട്ടുനിൽക്കൽ എന്നിവയാണ് ഈ വകുപ്പിൽ പെടുന്ന കുറ്റങ്ങൾ. മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ ഏഴ് വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കുന്നതും അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ് ഈ വകുപ്പുകളിലുള്ളത്.

ബുധനാഴ്ച രാവിലെ എം ശിവശങ്കരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതിനുശേഷം അഞ്ചുമിനിറ്റിനുള്ളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ കാറിലാണ് കൊച്ചിയിലെ ഇ ഡി യുടെ ഓഫീസിൽ എത്തിച്ചത്. വഴിയിൽ പ്രതിഷേധം ഒഴിവാക്കുന്നതിനായി വാഹനങ്ങൾ മാറിയും വഴി തിരിച്ചു വിട്ടുമാണ് ശിവശങ്കറിനെയും കൊണ്ട് കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് ഉദ്യോഗസ്ഥരെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. രണ്ട് അന്വേഷണ ഏജൻസികളും ഒന്നിച്ചാണ് ചോദ്യംചെയ്തത്.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങുകയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ചോദ്യം ചെയ്യലിനിടയില്‍ പല തവണ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്ന എം ശിവശങ്കറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചു. വ്യാഴാഴ്ച മജിസ്ട്രോറ്റിനു മുമ്പില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →