തെലങ്കാനയിൽ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പി പ്രവർത്തകർ, സംഘർഷത്തെ തുടർന്ന് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പൊലീസ് പിടിച്ചെടുത്ത 18.67 ലക്ഷം രൂപ ബി ജെ പി പ്രവർത്തകർ തന്നെ തട്ടിയെടുത്തതായി ആരോപണം. പൊലീസാണ് ബി ജെ പി യ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. തിങ്കളാഴ്ച (26/10/2020)യാണ് സംഭവം നടന്നത് . ഇതിനു പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബന്‍ദി സജ്ഞയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു.

രൂപ പിടിച്ചെടുത്തതിനെ തുടർന്ന് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് ബി.ജെ.പി നേതാക്കള്‍ പ്രവേശിക്കരുതെന്നും ഇത് സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം അവഗണിച്ചുകൊണ്ട് സ്ഥലത്തെത്തുകയായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബന്‍ദി സജ്ഞ. തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദുബ്ബാക്ക് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യയുടെ പിതാവായ രാംഗോപാല്‍ റാവുവിന്റെ വീട്ടില്‍ നിന്നും തിങ്കളാഴ്ചയാണ് പൊലീസ് 18.65 ലക്ഷം രൂപ പിടിച്ചെടുത്തത്. സിദ്ദിപ്പേട്ട് ടൗണിലെ ലെക്ചറേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു റെയ്ഡ്.

എന്നാൽ വീട്ടിൽ നിന്ന് കണ്ടെടുത്ത പണവുമായി പുറത്തിറങ്ങിയ പൊലീസിനെ ബി ജെ പി പ്രവർത്തകർ വളയുകയും പണമടങ്ങിയ സഞ്ചി തട്ടിയെടുത്ത് ഓടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനാണ് പണം എത്തിച്ചെതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് തന്നെ പണമടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടുവയ്ക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. തൊട്ടടുത്ത വീട്ടില്‍ സൂക്ഷിച്ച ബാഗാണ് പൊലീസ് ഇവിടെ എത്തിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →