തിരുവനന്തപുരം: പതിനാറിനം പച്ചക്കറികൾക്ക് മുഖ്യമന്ത്രി തറ വില പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് ഒരു ബദൽ പരിഹാരമായി പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകിയാണ് പദ്ധതി.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. കാർഷിക രംഗത്തിന് ഉണർവ് നൽകുന്ന പദ്ധതിയാണിത്. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി വഴി സംഭരിക്കുന്ന പച്ചക്കറികൾ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും വിറ്റഴിക്കും.
ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും സംവിധാനം ഒരുക്കും. ഇതിനായി ശീതീകരിച്ച സംഭരണ കേന്ദ്രങ്ങൾ തയ്യാറാക്കും. മറ്റ് സ്ഥലങ്ങളിലെത്തിക്കാൻ ശീതീകരിച്ച വാഹനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് നെൽകൃഷി വർധിച്ചു. ഏഴ് ലക്ഷം മെട്രിക് ടണ്ണിൽ നിന്നും 14.72 ലക്ഷമായി പച്ചക്കറി ഉൽപാദനം ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

