ദുബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. സഞ്ജു സാംസനും ബെന്‍ സ്റ്റോക്ക്സും ചേര്‍ന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചുകൂട്ടിയ 195 റണ്‍സ് എന്ന വിജയ ലക്ഷ്യം ബാറ്റിംഗ് മികവിലൂടെ രാജസ്ഥാൻ മറികടന്നു.
റോബിന്‍ ഉത്തപ്പയും സ്റ്റീവ് സ്മിത്തും പുറത്തുപോയെങ്കിലും സഞ്ജുവും സ്റ്റോക്ക്സും ചേര്‍ന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. സ്റ്റോക്ക്സ് സെഞ്ചുറി നേടിയപ്പോള്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടി.
ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ബെന്‍ സ്റ്റോക്സ് 60 പന്തില്‍ 107 റണ്‍സ് എടുത്തു. സഞ്ജു സാംസണ്‍ 31 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബെക്കു വേണ്ടി വെറും 21 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 60 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ നേടിയത്. അങ്കിത് രജ്പുത്തിന്റെ ഒരു ഓവറില്‍ നാലു സിക്‌സടക്കം 27 റണ്‍സ് അടിച്ചുകൂട്ടിയ ഹാര്‍ദിക് കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറിലും 27 റണ്‍സെടുത്തു.