മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ കോവിഡ് ബാധിച്ച് മരിച്ചു

അരീക്കോട്: മലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മൊക്കത്ത് അബ്ദുറഹിമാൻ എന്ന എം അബ്ദുറഹിമാന്‍(87) കൊവിഡ് ബാധിച്ച്‌ മരിച്ചു.

ശാരീരിക പ്രയാസങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവേയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ചികിത്സയിലിരിക്കേ 26-10 -2020 തിങ്കളാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു.

ജില്ലയില്‍ വിശേഷിച്ച്‌ കിഴക്കന്‍ ഏറനാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് അദ്ദേഹം. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും മഞ്ചേരി മണ്ഡലം സെക്രട്ടറിയായും കിസാന്‍ സഭാ നേതാവായും ദീർഘകാലം പ്രവര്‍ത്തിച്ചിരുന്നു.

1982ല്‍ സോവിയറ്റ് യൂണിയണില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ നേതാക്കള്‍ക്കൊപ്പം 7 മാസത്തോളം ചെലവഴിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സജീവമായ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

പൂവഞ്ചേരി കദീജയാണ് ഭാര്യ. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് എം. റഹ്‌മത്തുള്ള, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.സുഹൈല്‍, സുല്‍ഫിക്കര്‍, എം. സെറീന എന്നിവര്‍ മക്കളും ഡോ: സുഹ്‌റാ ബാനു, അബ്ദുള്‍ റഷീദ് മുണ്ടേങ്ങര, ബുഷ്‌റ, റാഷിദ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം വൈകിട്ട് കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →