ഡൽഹിക്ക് അടിതെറ്റി , വരുൺ ചക്രവർത്തിയുടെ സ്പിൻ മാന്ത്രികതയിൽ കൊൽക്കത്തയ്ക്ക് വിജയം

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 59 റണ്‍സിന്റെ ഗംഭീര ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ കൊല്‍ക്കത്ത പ്ലേയോഫിൽ എത്താനുള്ള സാധ്യത വർദ്ധിച്ചു.

നാലോവറില്‍ 20 റണ്‍സ് വഴങ്ങി ഡൽഹിയുടെ സുപ്രധാനമായമായ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയ്ക്ക് വിജയവഴിയൊരുക്കിയത്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹെറ്റ്‌മെയര്‍, സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.

ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 38 പന്തില്‍ ശ്രേയസ് 47 റണ്‍സെടുത്തു. റിഷഭ് പന്ത് 27 റണ്‍സ് നേടി. ആര്‍ അശ്വിന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഹെറ്റ്‌മേയര്‍ പത്ത് റണ്‍സെടുത്തു.

നേരത്തെ ടോസ് നേടി ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. 42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയ കൊല്‍ക്കത്തയെ ഓപണര്‍ നിതീഷ് റാണയും അഞ്ചാമനായി ക്രീസിലെത്തിയ വെസ്റ്റിന്ത്യന്‍ താരം സുനില്‍ നരെയ്‌നും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പോരാട്ടം ഡല്‍ഹി ക്യാമ്ബിലേക്ക് നയിച്ചു.

നിതീഷ് റാണ 53 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 81 റണ്‍സെടുത്തു അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ മടങ്ങി. നരെയ്ന്‍ വെറും 32 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സ് വാരി.

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഒന്‍പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സുമായി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ കൂടാരം കയറി. ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), ത്രപാഠി (13), ദിനേഷ് കാര്‍ത്തിക് (മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. കമ്മിന്‍സ് (പൂജ്യം) പുറത്താകാതെ നിന്നു.

മാര്‍ക്കസ് സ്‌റ്റോയിനിസ് അവസാന ഓവറില്‍ പത്ത് റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച്, ആറ് പന്തുകളില്‍ നിതീഷ് റാണയേയും ഓയിന്‍ മോര്‍ഗനേയും മടക്കി കൊല്‍ക്കത്ത 200 കടക്കുന്നത് തടഞ്ഞു. ഡല്‍ഹിക്കായി റബാഡ, നോര്‍ക്യെ, സ്‌റ്റോയിനിസ്, നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →