ജയ്പൂർ: ഇന്ത്യയുടെ വടക്ക് പടിഞ്ഞാറുള്ള വരണ്ട താർ മരുഭൂമിയിൽ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വറ്റിപ്പോയ പഴയ ഒരു നദിയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ന് താർ മരുഭൂമി സ്ഥിതി ചെയ്യുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ ഒത്ത മധ്യത്തിലൂടെ 1.72 ലക്ഷം വർഷം മുൻപ് എല്ലാ പ്രഭാവത്തോടും കൂടി ഒരു നദി ഒഴുകിയിരുന്നൂവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി, തമിഴ്നാട്ടിലെ അണ്ണ യൂണിവേഴ്സിറ്റി, ഐ ഐ എസ് ഇ ആർ കൊൽക്കത്ത എന്നിവയുടെ സംയുക്ത ഗവേഷണമാണ് പ്രാചീന നദിയുടെ തെളിവുകൾ പുറത്തു കൊണ്ടുവന്നത്. ക്വാർട്ടർനറി സയൻസ് റിവ്യൂസ് ജേണലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
78000 വർഷം മുൻപ് പോലും ഈ നദി ജലസമൃദ്ധമായി ഒഴുകിയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അജ്ഞാതമായ എന്തോ കാരണത്താൽ നദിയിലെ നീരൊഴുക്ക് കുറഞ്ഞു. 25000 വർഷത്തിനിപ്പുറം ഈ നദിയൊഴുകിയതിന് തെളിവുകളൊന്നുമില്ല. ഇന്നത്തെ രാജസ്ഥാനിലെ ബിക്കാനീറിനു സമീപത്തു കൂടെയായിരുന്നു ഈ നദീ പ്രവാഹം ഉണ്ടായിരുന്നത്.
എന്നോ വറ്റിപ്പോയ ഈ നദി നരവംശശാസ്ത്ര പഠനങ്ങൾക്ക് പുതിയ ചില ഉൾക്കാഴ്ചകൾ കൂടി പകർന്നു നൽകുന്നുണ്ട്. ആഫ്രിക്കയിൽ നിന്ന് പ്രാചീന മനുഷ്യർ മധ്യേഷ്യയിലേക്കും അവിടെ നിന്നും വടക്കു പടിഞ്ഞാറേ ഇന്ത്യയിലേക്കും എത്തിയതിന്റെ ചരിത്രം കൂടി ഈ കണ്ടെത്തൽ അനാവരണം ചെയ്യുന്നു. സിന്ധൂതടത്തിനുമിപ്പുറം നമ്മുടെ ചരിത്രകാരന്മാർ ഇന്ന് കണക്കാക്കുന്നതിലുമേറെ മുൻപ് ശിലായുഗ മനുഷ്യർ താമസിച്ചിരുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
“താർ മരുഭൂമിക്ക് സമ്പന്നമായ ഒരു ചരിത്രാതീത കഥയുണ്ട്, ഇവിടെ ശിലായുഗ മനുഷ്യർ എങ്ങനെ അതിജീവിച്ചുവെന്ന് മാത്രമല്ല, ഈ വരണ്ട ഭൂപ്രകൃതിയിൽ അവരെങ്ങനെ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവെന്ന് കാണിക്കുന്ന നിരവധി തെളിവുകൾ ഞങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്,” മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസിൽ നിന്നുള്ള ജിംബോബ് ബ്ലിങ്ക്ഹോൺ പറഞ്ഞു.

