ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാമതെത്തി. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ( 37 പന്തില്‍ 68), ക്വിന്റണ്‍ ഡിക്കോക്കും (46 പന്തില്‍ 37) ചേര്‍ന്നാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ ചെന്നൈ ഒരു വിധത്തിലായിരുന്നു 100 കടത്തിയത് അര്‍ധ സെഞ്ചുറു നേടിയ സാം കറന്‍ മാത്രമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മുംബൈ ബൗളര്‍മാരാണ് ചെന്നൈക്ക് ചരമക്കുറിപ്പൊരുക്കിയത്. വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ചെന്നൈയുടെ അന്തകനായത്. ആദ്യ ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി. ആദ്യ ഏഴ് ഓവറില്‍ തന്നെ ചെന്നൈയുടെ ആറ് മുന്‍നിര ബാറ്റ്സ്മാന്മാരും പുറത്തായി.
ബുമ്ര എറിഞ്ഞ രണ്ടാം ഓവറില്‍ അംബാട്ടി റായിഡു (3 പന്തില്‍ 2), എന്‍ ജഗദീശന്‍ (പൂജ്യം) എന്നിവർ പുറത്തായി. എം.എസ്.ധോണിയും ഡുപ്ലെസിസും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതിയെങ്കിലും മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഡുപ്ലെസിസിനെ ബോള്‍ട്ട് പുറത്താക്കി. മൂന്നു റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ പിന്നീടെത്തിയ ജഡേജയ്ക്കൊപ്പം ചേര്‍ന്ന് ധോണി കരകയറ്റാന്‍ ശ്രമിച്ചു. ആറാം ഓവറില്‍ ജഡേജ(ആറ് പന്തില്‍ ഏഴ് റണ്‍സ് )യെ പുറത്താക്കിക്കൊണ്ട് ബോള്‍ട്ട് വീണ്ടും പ്രഹരമേല്‍പ്പിച്ചു.
എഴാം ഓവറില്‍ ധോണിയെ രാഹുല്‍ ചാഹര്‍ പുറത്താക്കി, വെറും 6 റണ്‍സാണ് ധോണി നേടിയത്. പിന്നാലെ ദീപക് ചാഹറിനെയും രാഹുല്‍ ചാഹര്‍ പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന ശാര്‍ദുല്‍ ഠാക്കൂറും സാം കറനും ചേര്‍ന്നാണ് ചെന്നൈ ഇന്നിങ്‌സിന് അല്‍പമെങ്കിലും മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും ചേര്‍ന്ന് 28 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കോള്‍ട്ടര്‍ നൈല്‍ ശാര്‍ദുല്‍ ഠാക്കൂറിനെ പുറത്താക്കിയതോടെ ചെന്നൈ വീണ്ടും പ്രതിരോധത്തിലായി. ഒടുവിൽ തോറ്റു .