എക്സൈസ് വിമുക്തി മിഷന്‍: ബോധവത്ക്കരണത്തിന് ശനിയാഴ്ച (ഒക്ടോബര്‍ 24 2020) തുടക്കമാകും

പാലക്കാട്: എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി- പട്ടികവര്‍ഗ കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച (ഒക്ടോബര്‍ 24 2020) തുടക്കമാകും. ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അവബോധം നല്‍കുന്നത്. വിഷമദ്യ ദുരന്തം ഉണ്ടായ വാളയാറിലെ ചെല്ലന്‍കാവ് ആദിവാസി കോളനിയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 24 2020) രാവിലെ 11 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി. എസ്. രാജന്‍, വിമുക്തി ജില്ലാ മാനേജര്‍ എസ്. ജയപാലന്‍, എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സി.ഐ പി.കെ സതീഷ്, അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അന്‍സര്‍ കോടശ്ശേരി, വാര്‍ഡ് മെമ്പര്‍, സ്ഥലം എം.എല്‍.എ.യുടെ പ്രതിനിധി, എസ് ടി പ്രമോട്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുക. ഇത്തരത്തില്‍ ചെല്ലന്‍കാവ് കോളനിയിലെ 27 വീടുകളില്‍ സന്ദര്‍ശനം നടത്തും.

തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ പട്ടികജാതി -പട്ടികവര്‍ഗ കോളനികളിലും ബോധവത്ക്കരണം ലക്ഷ്യമിട്ട് വീടുകള്‍ സന്ദര്‍ശിക്കും. രാവിലെയും വൈകിട്ടും ആയിരിക്കും ഗൃഹസന്ദര്‍ശനം. കോളനികളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹോസ്പിറ്റല്‍ സ്പിരിറ്റ്, സാനിറ്റൈസര്‍, സര്‍ജിക്കല്‍ സ്പിരിറ്റ്, തിന്നര്‍ തുടങ്ങിയവ വിഷവസ്തുക്കള്‍ ആണെന്നും അവ ഉപയോഗിക്കുന്നത് മരണ കാരണമാകുമെന്നും പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളാണ് കോളനികളില്‍ പ്രദര്‍ശിപ്പിക്കുക. കോവിഡ് കാലത്ത് യോഗങ്ങള്‍ പ്രായോഗികമല്ലാത്തതിനാലാണ് വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തുന്നത്. വരും ദിവസങ്ങളില്‍ ജില്ലയിലെ 13 എക്സൈസ് റേഞ്ച് ഓഫീസുകള്‍, ആറ് സര്‍ക്കിള്‍ ഓഫീസുകള്‍, അട്ടപ്പാടിയിലെ ജനമൈത്രി എക്സൈസ് ഓഫീസ് എന്നിവയുടെ കീഴില്‍ അതാത് പ്രദേശത്തെ കോളനികളില്‍ ബോധവത്ക്കരണം ഊര്‍ജിതമാക്കും. ഡി അഡിക്ഷന്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതിനുപുറമെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8773/Vimukthi-Mission.html

Share
അഭിപ്രായം എഴുതാം