ബന്ധപ്പെട്ട രേഖ: കൊറോണയുടെ പശ്ചാത്തലത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ നേരിടുന്ന മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കാര്യമായ ഇടപെടൽ വേണമെന്ന് വെബിനാർ നിർദ്ദേശിച്ചു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഐസിഡിഎസുമായി ചേർന്ന് പാനൂർ മേഖലയിലെ അങ്കൻവാടി പ്രവർത്തകർക്കായി സംഘടിപ്പിൻ വെബിനാറിലാണ് ഈ നിർദ്ദേശമുയർന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് വെബിനാർ ഉദ്ഘാടനം ചെയ്തു.
കൊറോണയുടെ തുടക്കം മുതൽ മേഖലയിലുണ്ടായ അവബോധ പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ശാരീരിക ആരോഗ്യത്തിനു തുല്യമായി തന്നെ മാനസികാരോഗ്യവും പരിഗണിക്കപ്പെടണമെന്ന് വിഷയാവതരണം നടത്തിയ ജില്ലാ സ്കൂൾ മെൻറൽ ഹെൽത്ത് പ്രോഗ്രാം പ്രോജക്ട് ഓഫീസർ റിൻസി മരിയ പറഞ്ഞു. കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണം എന്ന് സമൂഹം മൊത്തത്തിൽ തിരിച്ചറിയേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ.എസ് ബാബു രാജൻ, പാനൂർ ശിശുവികസന പ്രോജക്ട് ഓഫീസർ ഉമ എന്നിവർ പ്രസംഗിച്ചു.