തിരുവനന്തപുരം: കോവിഡ് രോഗം വന്നു പോകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച് ബ്യൂറോ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി ആഹ്വാനം ചെയ്തു. ഒരിക്കല്‍ രോഗം വന്നു പോയവര്‍ക്ക് വീണ്ടും രോഗം വരില്ലെന്ന് ആരും വ്യക്തമാക്കിയിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയാണു വേണ്ടതെന്നും മലപ്പുറം ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. നോവല്‍ കൊറോണ വൈറസിന്റെ സവിശേഷതകള്‍ സംബന്ധിച്ച പഠനങ്ങള്‍ അതിന്റെ പ്രാരംഭ ദശയില്‍ മാത്രമാണെന്നു മനസിലാക്കി നിലവിലെ നിബന്ധനകള്‍ പാലിച്ചു ജീവിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശു വികസന പദ്ധതി മലപ്പുറം ജില്ലാ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ ഇത്തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, മലപ്പുറം ജില്ലാ സംയോജിത ശിശു വികസന പദ്ധതി ഓഫിസര്‍ ടി ഹഫ്സത്ത്, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ഫസല്‍, സി സായ്നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് വിമുക്തരെ കുറിച്ചു തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുത്
