കോഴിക്കോട് : കോഴിക്കോട് മുക്കത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപിക കൂമ്പാറ പാലതോട്ടത്തിൽ ദീപ്തി (45)യെയാണ് മരിച്ച നിലയിൽ കണ്ടത്. 21-10- 2020 ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. സീറ്റ് ബെൽറ്റ് ധരിച്ച് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു ദീപ്തി.
മരഞ്ചാട്ടിയിലെ റബ്ബർ തോട്ടത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് പ്രദേശവാസികൾ പോയി നോക്കിയത്. കാറിൻറെ ഗ്ലാസുകൾ ഉയർത്തിയിട്ട നിലയിലായിരുന്നു. മുക്കം പോലീസ് സംഘമെത്തിയാണ് തുറന്നത്. കാറിനുള്ളിൽ തീപടർന്ന നിലയാണ്. പെട്രോളും തീപ്പെട്ടിയും കാറിനുള്ളിൽനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സി ഐ എസ് നിസാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഫോറൻസിക് പരിശോധന നടത്തും.

