ശിഖർ ധവാൻ്റെ സെഞ്ച്വറി പാഴായി , ഡൽഹിയെ തകർത്ത് പഞ്ചാബ്

ദുബായ്: പുറത്താകാതെ ശിഖർ ധവാൻ നേടിയ സെഞ്ച്വറി പാഴായി. കരുത്തരായ ഡൽഹിയെ അട്ടിമറിച്ച് പഞ്ചാബ്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോൽപിച്ചത്. 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരോവര്‍ ബാക്കി നില്‍ക്കെയാണ് ജയത്തിലെത്തിയത്. 53 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ ആണ് പഞ്ചാബിന്റെ വിജയശില്‍പി. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് രാഹുലും കൂട്ടരും.

സ്‌കോര്‍ 17-ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രാഹുല്‍ 15 റണ്‍സെടുത്ത് മടങ്ങിയത് തുടക്കത്തിൽ തന്നെ പഞ്ചാബിനെ പരുങ്ങലിലാക്കിയിരുന്നു.

പിന്നീട് ക്രീസിലെത്തിയ ​ഗെയില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ ഓവറില്‍ മൂന്നു ഫോറുകളും രണ്ടു സിക്‌സുകളുമുള്‍പ്പെടെ 26 റണ്‍സ് നേടി.

ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് പൂരന്‍ തുടങ്ങിയത്. പക്ഷെ തൊട്ടടുത്ത പന്തില്‍ മായങ്ക് അഗര്‍വാള്‍ റണ്ണൗട്ട് ആയി. പിന്നീട് പൂരനും മാക്‌സ്വെല്ലും പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തി. 27 പന്തുകളില്‍ നിന്നും പൂരന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. മാക്‌സ്വെല്‍ പിടിച്ചുനിന്നെങ്കിലും 32 റണ്‍സെടുത്ത താരത്തെ റബാദ മടക്കി. ഒടുവില്‍ നീഷാമും ഹൂഡയും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറിയാണ് ടീമിന് കരുത്തായത് . തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറിയാണ് ഈ ഐപിഎല്ലില്‍ ധവാന്‍ നേടുന്നത്. ഇതോടെ ഐപിഎല്ലില്‍ 5000 റണ്‍സെടുക്കുന്ന അഞ്ചാമത്തെ താരമായും ധവാന്‍ മാറി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്നത്. ധവാന്റെ ഒറ്റയാള്‍ പോരാട്ടം കൊണ്ടാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 61 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത ധവാന്‍ പുറത്താവാതെ നിന്നു. 12 ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു ധവാന്റെ സെ‍ഞ്ച്വറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →