കൊച്ചി : പിന്നണി ഗായകനും നടനുമായ ആയ സീറോ ബാബു [കെ ജെ മുഹമ്മദ് ബാബു](80) അന്തരിച്ചു. 21 – 10 -2020 ബുധനാഴ്ചയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പി ജെ തീയേറ്റേഴ്സിന്റെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിൽ ‘ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാൻ ഒരു മോട്ടോർ കാർ’ എന്ന ജനപ്രീതിനേടിയ ഗാനത്തോടെയാണ് മുഹമ്മദ് ബാബു ‘സീറോ ബാബു’ ആയി മാറിയത്.
മുന്നൂറോളം നാടക-സിനിമാ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്വദേശിയായ സീറോ ബാബു സിനിമാരംഗത്തെത്തുന്നത് 1964-ലാണ്. പതിനെട്ടു വയസ്സായിരുന്നു പ്രായം. മലയാറ്റൂർ മലയും കയറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോൻ പാടത്ത് കൊയ്ത്തിന്, ലവ് ഇൻ കേരള എന്നിവ ബാബു പാടിയ പാട്ടുകളിൽ ചിലതാണ്. ഗായകൻ എന്നതിനുപരി സംഗീതസംവിധായകനുമാണ്. മാടത്തരുവി കാബൂളിവാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ഭാര്യ: ആത്തിക്ക ബാബു
മക്കൾ : സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നിസാർ
മരുമക്കൾ : സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽസലാം, മുഹമ്മദ് നിസാർ
കബറടക്കം എറണാകുളം നോർത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ .

