കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ സജ്ന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് സൂചന. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു.
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹ മാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ മൂന്നുമാസം മുമ്പാണ് തൃപ്പൂണിത്തറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടത്തിന് സജ്ന തുടക്കമിട്ടത്.
ആദ്യം പരിസരത്ത് കച്ചവടം തുടങ്ങിയവരാണ് സജ്നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ വന്നത്. പിന്നീട് നാട്ടുകാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് തന്നെ വാര്‍ഡ് കൌണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഭീഷണിപ്പെടുത്തിയതായും സജ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് വില്‍പ്പന നടത്താത്ത ബിരിയാണിപൊതികളുമായി ലൈവില്‍ വന്ന് തന്റെ നിസ്സഹായവസ്ഥ പൊട്ടിക്കരഞ്ഞ് സജ്ന വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇതേ തുടർന്ന് നടൻ ജയസൂര്യയുൾപ്പടെ നിരവധി പേർ സജ്നയ്ക്ക് സഹായവും പിൻതുണയുമായി എത്തിയിരുന്നു. ആരോഗ്യ മന്ത്രി കെ .കെ ശൈലജ സജ്നയെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ജയസൂര്യയുടെ സഹായത്തോടെ പുതിയ കടയ്ക്കായുള്ള സ്ഥലം നോക്കുന്നതിനിടെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

