കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് വെളിപ്പെടുത്തി ഡോക്റ്ററും രംഗത്തെത്തി. ഡോ. നജ്മയാണ് മെഡിക്കൽ കോളജിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രംഗത്തു വന്നത്.
കോവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്ച മൂലമാണ് എന്ന് വെളിപ്പെടുത്തുന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം ഒക്ടോബർ 19 തിങ്കളാഴ്ച പുറത്തു വന്നിരുന്നു. തുടർന്ന് ഈ നഴ്സിംഗ് ഓഫീസറെ സസ്പൻ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കൃത്യമായ വെളിപ്പെടുത്തലുകളുമായി ഒരു ഡോക്ടർ തന്നെ രംഗത്തുവന്നത്.
ഓക്സിജൻ മാസ്ക് ശരിയായ വിധം ഘടിപ്പിക്കാത്തതിനാൽ പല രോഗികളും മരണമടഞ്ഞിട്ടുണ്ടെന്നും ,വേണമെങ്കിൽ പേരെടുത്ത് പറയാനാകുമെന്നും ഡോക്ടർ നജ്മ പറഞ്ഞു. നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല, ഇത്തരം വീഴ്ചകൾ രോഗികളുടെ സുരക്ഷയെ കരുതിയാണ് പറയുന്നതെന്നും ഡോക്ടർ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.