ഇന്ത്യയിലെ കൊറോണ വൈറസിന് മ്യൂട്ടേഷൻ വന്നിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്; വാക്സിൻ ഗവേഷണത്തിൽ ആശങ്ക ആവശ്യമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വൈറസിനെ പറ്റി ഐ.സി.എം.ആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്.

കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ നേരത്തേ കണ്ടെത്തിയിരുന്നു.

വൈറസിനുണ്ടാകുന്ന ഇത്തരം പരിവര്‍ത്തനം വാക്‌സിന്‍ ഗവേഷണത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വാക്‌സിന്‍ ഗവേഷണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

കൊവിഡ് 19 വൈറസിന്റെ 5000 ത്തിലധികം ജനിതക ശ്രേണികള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തിലൊടുവിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി പറഞ്ഞത്.

ഈ പരിവര്‍ത്തനത്തിന്റെ ഫലമായി വൈറസിന്റെ രോഗ വ്യാപന ശേഷി വര്‍ധിച്ചിരുന്നു. അമേരിക്കയില്‍ കൊവിഡ് രോഗം കൂടുതല്‍ വ്യാപിക്കാന്‍ കാരണം ഇത്തരം പരിവര്‍ത്തനമാണെന്നും ഇനിയും ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നുമായിരുന്നു പഠനഫലം.

വൈറസുകൾക്ക് ജനിതക പരിവര്‍ത്തനം സംഭവിച്ചാല്‍ വാക്സിനുകളും മരുന്നുകളും ഫലിക്കാത്ത സാഹചര്യമുണ്ടാകുകയും അതോടെ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ ഫലപ്രദമാകാത്ത സാഹചര്യം സംജാതമാകുകയും ചെയ്യുമായിരുന്നു.

അതേസമയം ഇന്ത്യയില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാക്സിന്‍ ഗവേഷണങ്ങളും യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് മൂന്ന് വാക്സിനുകളുടെ ഗവേഷണമാണ് പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒരെണ്ണം മൂന്നാം ഘട്ടത്തിലുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →