വാഷിങ്ടണ്‍: യുഎസ് അതിശൈത്യത്തിലേക്ക് കടക്കുകയാണെന്നും കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും മുന്നറിയിപ്പ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 80 ലക്ഷം കൊവിഡ് കേസുകളിലേക്ക് അടുക്കുകയാണ് അമേരിക്ക. സര്‍വകലാശാല കണക്കുകള്‍ പ്രകാരം 35 സംസ്ഥാനങ്ങളെങ്കിലും കഴിഞ്ഞ ആഴ്ചയേക്കാള്‍ കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിന്‍ പ്രൊഫസറും ട്രോപ്പിക്കല്‍ മെഡിസിന്‍ ഡീനുമായ ഡോ. പീറ്റര്‍ ഹോട്ടസ് പറഞ്ഞു.
കോടിക്കണക്കിന് ആളുകളോടാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മരണസംഖ്യ ഉയരുന്നതോടെ മറ്റ് രാജ്യങ്ങളെപ്പോലെ അമേരിക്കയിലും വെന്റിലേറ്ററുകളുടെയും പിപിഇ കിറ്റുകളുടേയും മെഡിക്കല്‍ ജീവനക്കാരുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. അമേരിക്കയില്‍ പകര്‍ച്ചാവ്യാധികള്‍ പിടിപെടുന്ന സമയത്ത് തന്നെ കൊറോണ വൈറസും വ്യാപിച്ചാല്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കുമെന്നും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ഹോട്ടസ് ചൂണ്ടിക്കാണിക്കുന്നു.

