ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെ 75 രൂപ നാണയം പ്രധാനമന്ത്രി പുറത്തിറക്കി. ലോക ഭക്ഷ്യദിനമായ ഇന്ന് ഭക്ഷ്യ-കാര്‍ഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ അടയാളമായാണ് 75 രൂപയുടെ നാണയം പുറത്തിറക്കിയത്.
പ്രത്യേകം വികസിപ്പിച്ച 17 വിള വൈവിധ്യങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. സാമ്പത്തികമായും പോഷകപരമായും ദുര്‍ബലമായ വിഭാഗങ്ങളെ ശക്തരാക്കുന്നതില്‍ എഫ്എഒയുടെ പങ്ക് സമാനതകളില്ലാത്തതാണ്. സംഘടനയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. 1956 മുതല്‍ 1967 വരെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ ബിനായ് രഞ്ജന്‍ സെന്‍ ആയിരുന്നു എഫ്എഒയുടെ ഡയറക്ടര്‍ ജനറല്‍. 2020ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ലോക ഭക്ഷ്യ പദ്ധതി ഈ കാലത്താണ് തുടക്കം കുറിച്ചത്.
ലോകഭക്ഷ്യപദ്ധതിക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത് വളരെ വലിയ നേട്ടമാണ്. കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്നും പട്ടിണി, പോഷകാഹാരക്കുറവ്, എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ദൃഡനിശ്ചയത്തിന്റെ തെളിവാണ് ഇത്. രാജ്യത്തൊട്ടാകെയുള്ള അംഗന്‍വാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, ഓര്‍ഗാനിക്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുകള്‍ ഇതിന് സാക്ഷ്യം വഹിക്കും- പ്രധാനമന്ത്രി പറഞ്ഞു.
പയറുവര്‍ഗ്ഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം, മില്ലറ്റ് 2023 എന്നിവയ്ക്കുള്ള ഇന്ത്യയുടെ നിര്‍ദേശങ്ങളും എഫ്എഒ അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.കേന്ദ്ര കൃഷി മന്ത്രി, ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കു വഹിച്ച ഭക്ഷ്യ കാര്‍ഷിക മേഖലയിലെ ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ലോകം ഇത്തവണത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്. വളര്‍ത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി- എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രതികൂല സാഹചര്യങ്ങള്‍ സംഭവിച്ചപ്പോഴും ഭക്ഷണത്തിന് അറുതി വരാതിരിക്കാന്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയിലുള്ളവര്‍ അഹോരാത്രം പ്രയത്‌നിച്ച ഈ സാഹചര്യത്തില്‍ പ്രസക്തമാവുകയാണ് ഇത്തവണത്തെ ആശയം.

