മണൽ ശിൽപങ്ങൾ തീർക്കുന്ന മൽസ്യകലാകാരൻമാർ

സിഡ്നി: സമുദ്ര ജീവി സർവേയുടെ ഭാഗമായി വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുമ്പോൾ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ടോഡ് ബോണ്ടും കൂട്ടരും ആശ്ചര്യകരമായ ഒരു സംഭവം കണ്ടു. 100 മീറ്ററിലധികം ആഴമുള്ള കടൽത്തട്ടിൽ അതി മനോഹരമായ കുറേ മണൽ ശിൽപങ്ങൾ. ശിൽപികളാരെന്ന് കണ്ടെത്താൻ ആ മൽസ്യ ഗവേഷകർക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല , ‘പഫർ ഫിഷ് ‘ ആണവ .

1990 കളിൽ ജപ്പാൻ്റെ തീരക്കടലിലാണ് അതിവിചിത്രമായ ഇത്തരം മണൽ രൂപങ്ങൾ ഗവേഷകർ ആദ്യമായി കാണുന്നത്. ജ്യാമിതീയമായി പിഴവുകളില്ലാതെ തീർത്ത മാന്ത്രികക്കളങ്ങൾ പോലെ കടലിനടിയിൽ അവ തെളിഞ്ഞു കണ്ടു. ഈ രൂപങ്ങളുടെ നിർമാതാക്കളാരെന്ന കാര്യം തിരിച്ചറിയാൻ ഒരു പതിറ്റാണ്ടു കാലം ജീവ ശാസ്ത്രജ്ഞർ കാത്തിരുന്നു. 2011 ലാണ് ആ രഹസ്യത്തിൻ്റെ ചുരുളഴിഞ്ഞത്. ‘വൈറ്റ് സ്പോട്ടഡ് പഫർ ഫിഷ് ‘ ആയിരുന്നു ആ കലാകാരൻമാർ.

പെണ്ണിനെ ആകർഷിക്കാൻ ആൺ മീനുകൾ തീർക്കുന്ന കൂടുകളാണിവ. ഇത്തരം മനോഹരമായ കളങ്ങളിലാണ് പെൺമീനുകൾ മുട്ടയിടുക. ജപ്പാൻ്റെ തീരക്കടലിൽ 30 മീറ്റർ ആഴത്തിലായിരുന്നു ഇവ കാണപ്പെട്ടത്. എന്നാൽ ഓസ്ട്രേലിയൻ കടലിൽ 100 മീറ്ററിലേറെ ആഴത്തിലാണുണ്ടായിരുന്നത്. ഇത്രയും ആഴത്തിലെ അരണ്ട വെളിച്ചത്തിൽ പെൺമീനുകൾ എങ്ങനെയാണ് ‘ശിൽപ ചാരുത ‘ കണ്ട് ഇണ ചേരാനെത്തുക എന്നത് ശാസ്ത്രജ്ഞരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. ജീവലോകത്തിൻ്റെ നിഗൂഢമായ രഹസ്യങ്ങളിൽ ഇരുട്ടിൽ തീർത്ത പഫർ മൽസ്യങ്ങളുടെ ഈ മണൽശിൽപങ്ങളും അങ്ങനെ ബാക്കിയായി.

തയ്യാറാക്കിയത് : നിശാന്ത് പരിയാരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →