ചേലക്കര: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരി തിണ്ടിലംകുടശേരി വീട്ടില്‍ അമീര്‍(ഞരമ്പ് അമീര്‍ 32), കോഴിക്കോട് തമാനശേരി അമ്പായത്തോട് പുത്തന്‍പുരക്കല്‍ അഷറഫ് (34)എന്നിവരാണ് അറസ്റ്റിലായത്. ഒറ്റപ്പാലം ചുനങ്ങോട് മുതിയിറക്കകത്ത് ബഷീറിന്‍റെ മകന്‍ റഫീക്ക് (32) ആണ് വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസില്‍ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കഞ്ചാവ് കേസില്‍ പാലക്കാട്ടുനിന്ന് നര്‍ക്കോട്ടിക്ക് സെല്ലിലെ ഉദ്യോഗസ്ഥര്‍ റഫീക്കിനെ അന്വേഷിച്ച് ഇവരുടെ താമസസ്ഥലത്തെത്തിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ ഇരുവരേയും കണ്ടത്. തുടര്‍ന്ന് പഴയന്നൂര്‍ പോലീസെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അമീറും ജയില്‍ സുഹൃത്തായ അഷറഫും പൊന്നാനിയിലെ ഒരു ബാറില്‍ മദ്യപിക്കുന്നതിനിടെ അന്വേഷണ സംഘം മയക്കുമരുന്നു കച്ചവടസംഘത്തില്‍ പെട്ട ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഫോണ്‍ ലൊക്കഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണങ്ങളിലുമാണ് പ്രതികള്‍ പിടിക്കപ്പെട്ടത്. കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തത് കൊല്ലപ്പെട്ട റഫീക്കാണെന്ന വിശ്വാസത്തിലും അമീറിന്‍റെ ഭാര്യയെ റഫീക്ക് നിരന്തരം ശല്ല്യം ചെയ്യാറുണ്ടെന്ന കാരണവുമാണ് കൊലയ്ക്കുകാരണമെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
പ്രതികള്‍ റഫീക്കിന്‍റെ വീടിന് സമീപത്തെ ഉമ്മറിന്റെ വീട്ടിലെത്തി മയക്കുമരുന്നുപയോഗിച്ചശേഷം ഇരുമ്പുവടിയും കത്തിയുമായി റഫീക്കിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടുവന്ന ഫാസിലിനോയും വെട്ടിവീഴ്ത്തിയശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി.

