ലക്നൗ: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി.
ഗുരുതരാവസ്ഥയിൽ പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയാണ്
ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമാണ് സൂക്ഷിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സിബിഐ ആശുപത്രി അധികൃതരെ സമീപിച്ചപ്പോഴാണ് അവ നഷ്ടപ്പെട്ടതായി അറിയിക്കുന്നത് .
15 -10 -2020 വ്യാഴാഴ്ച ഹത്രാസ് കൊലപാതക കേസ് സുപ്രീം കോടതി പരിഗണിക്കും. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബവും ഇക്കാര്യം അംഗീകരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും കേസിലെ സാക്ഷികള്‍ക്കും ത്രിതല സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കൂടാതെ അന്വേഷണം സുതാര്യമാക്കുന്നത് ഉറപ്പുവരുത്താന്‍ നടപടിയെടുത്തതായി യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബത്തിന് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു

