രാജസ്ഥാനെ തകർത്ത് ഡൽഹി , എട്ട് കളിയിൽ ആറ് ജയവുമായി ക്യാപിറ്റൽസ് ഒന്നാമത്

ദുബായ്: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സ് 13 റണ്ണിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 7 വിക്കറ്റിന് 161 റൺസെടുത്തപ്പോൾ രാജസ്ഥാന്‍ റോയൽസിന് 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ എട്ട് കളിയില്‍ ആറ് ജയവുമായി ഡല്‍ഹി ഒന്നാമതെത്തി.

മികച്ച ബൗളിങ്ങുമായി ഡല്‍ഹി വിജയം പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്സാണ് ടോപ് സ്കോറര്‍ (35 പന്തില്‍ 41). റോബിന്‍ ഉത്തപ്പ (27 പന്തില്‍ 32 ), സഞ്ജു സാംസണ്‍ (18 പന്തില്‍ 25 ), ജോസ് ബട്ലര്‍ (22), സ്റ്റീവ് സ്മിത്ത് (1), രാഹുല്‍ ടെവാട്യ (14*) എന്നിവര്‍ക്കൊന്നും വിജയത്തിലേക്ക് പന്തടിക്കാനായില്ല. ഡല്‍ഹിക്കായി തുഷാര്‍ ദേശ്പാണ്ഡേ, ആന്‍റിച്ച്‌ നോര്‍ത്യേ എന്നിവര്‍ രണ്ട് വിക്കറ്റുവീതം വീഴ്ത്തി.
ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (43 പന്തില്‍ 53) ഓപ്പണര്‍ ശിഖര്‍ ധവാനും (53 പന്തില്‍ 57) അര്‍ധസെഞ്ചുറി നേടി. രാജസ്ഥാനുവേണ്ടി മാരകമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍ ജോഫ്ര ആര്‍ച്ചെര്‍ നാല് ഓവറില്‍ 19 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രണ്ട് ക്യാച്ചും സ്വന്തം. ആദ്യ കളിയില്‍ ഡല്‍ഹി 46 റണ്ണിന് രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →