ലഖ്നൗ : ഹത്റസ് 19 വയസ്സുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ കേസിൽ സിബിഐ അന്വേഷണം മുന്നോട്ടു നീങ്ങുന്നു. 13 -10 – 2020 ചൊവ്വാഴ്ച സിബിഐ ഫോറൻസിക് സംഘത്തിനൊപ്പം സംഭവസ്ഥലത്തെത്തി. അവരെത്തുന്നതിനു മുമ്പ് തന്നെ കനത്ത പോലീസ് സേനയെ സംഭവസ്ഥലത്ത് വിന്യസിപ്പിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു തുടങ്ങിയിട്ട് 12 ദിവസമായി. കേസിലെ എല്ലാ വശവും ചികഞ്ഞ് അന്വേഷണം നടത്തുമ്പോൾ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളും ആരോപണങ്ങളും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സിബിഐക്ക് പല ചോദ്യങ്ങൾക്കും ഉത്തരം തേടേണ്ടി വരും.
സംഭവദിവസം ബാജ്റ കൃഷിസ്ഥലത്ത് പണിയെടുക്കുന്നതിനിടയിൽ പെൺകുട്ടിയെ ക്രൂരമായി കഴുത്തിലും നട്ടെല്ലിൽ മുറിവേൽപ്പിച്ചവർ ആരാണ്, ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവർ ആരൊക്കെ? പ്രാഥമികമായി കണ്ടെത്തേണ്ട കാര്യങ്ങളാണ് ഇതെല്ലാം .
പ്രതിയും ഇരയുടെ കുടുംബാംഗങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. പെൺകുട്ടിയുടെ മരണമൊഴിയിൽ താൻ ബലാത്സംഗത്തിന് ഇരയായി എന്നും അതിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികളും പ്രതികളുടെ കുടുംബാംഗങ്ങളും പെൺകുട്ടിയുടെ കുടുംബത്തെയാണ് ആരോപണവിധേയമാക്കുന്നത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നാലു പേരെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ അവർ ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നും സ്വന്തം ജോലികളിൽ വ്യാപൃതരായിരുന്നു എന്നുമാണ് അവരുടെ കുടുംബാംഗങ്ങളുടെ അവകാശവാദം. സംഭവസമയത്ത് അവർ എവിടെയായിരുന്നു എന്നറിയുവാൻ അവരുടെ ലൊക്കേഷൻ കണ്ടെത്തേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ പെൺകുട്ടിയുടെ സഹോദരന്റേയും കുടുംബത്തിന്റേയും ടവർ ലൊക്കേഷൻ പരിശോധിക്കണമെന്ന് പ്രതിയുടെ കുടുംബം ആവശ്യപ്പെടുന്നു.
സംഭവത്തിനു മുമ്പ് അഞ്ച് മാസത്തിനുള്ളിൽ ഇരയുടെ സഹോദരനും പ്രധാന പ്രതിയും 104 തവണ ഫോണിൽ സംസാരിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സഹോദരൻ ഇതിനെ ഖണ്ഡിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ ആ ഫോണിൽ ആരാണ് സംസാരിച്ചിരുന്നത് എന്ന ചോദ്യമുയരുന്നു.
ഇരയുടെയും കുറ്റാരോപിതരുടെയും കുടുംബങ്ങൾ തമ്മിൽ എന്തെങ്കിലും വൈരാഗ്യം ഉണ്ടായിരുന്നു എന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. അഞ്ചുമാസം മുൻപ് രണ്ടു കുടുംബങ്ങളും തമ്മിൽ പല തർക്കങ്ങളും ഉണ്ടായിരുന്നു എന്ന് ഗ്രാമവാസികൾ പറയുന്നു.
സെപ്റ്റംബർ 14 മുതൽ 29 വരെ പെൺകുട്ടി കിടന്നിരുന്ന ആശുപത്രിയിലും സംഭവം നടന്ന ഗ്രാമത്തിലും ആരെല്ലാം സന്ദർശനത്തിന് എത്തിയിരുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്.
അതേസമയം ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻറെ ആരോഗ്യനില13-10-2020 ചൊവ്വാഴ്ച വളരെ മോശമായി. വിവരം അറിഞ്ഞ ഉടനെ ആരോഗ്യ വകുപ്പിൽ നിന്ന് ഡോക്ടറെത്തി പരിശോധന നടത്തി. രക്തസമ്മർദം കൂടിയതാണ് കാരണം എന്ന് ചീഫ് മെഡിക്കൽ ഓഫീസർ ബ്രിജേഷ് രാത്തോർ അറിയിച്ചു. അവസ്ഥ മെച്ചപ്പെടാതിരുന്നാല്‍ ജില്ലാ ആശുപത്രിയിലേക്ക് അ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിക്കുന്നുമുണ്ട്.

