ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ സാധുത ചോദ്യം ചെയ്ത് ഛത്തീസ്ഗഢ് കിസാന്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെ എംപി തിരുച്ചി ശിവയും സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രതികരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
കാര്‍ഷിക ഉല്‍പാദന വിപണന സമിതിയെ (എപിഎംസി) പൊളിച്ച് സമാന്തരമായി നിയന്ത്രണാതീതമായ ഒരു മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കാര്‍ഷിക സമൂഹത്തിന് ദുരന്തമുണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയത്. ഏതാനും കോര്‍പ്പറേറ്റുകളുടെയോ വ്യക്തികളുടെയോ കയ്യില്‍ അധികാരം കേന്ദ്രീകരിച്ച് കര്‍ഷക സമൂഹത്തെ ചൂഷണം ചെയ്യുന്നതിന് ഇത് ഇടം നല്‍കുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

