ദുബായ്: യു.എ.ഇ താമസവിസ, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച (12.10.2020) മുതൽ പിഴ നൽകണം.
2020 മാർച്ച് ഒന്നുമുതൽ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടി നൽകിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചു. ഇനി മുതൽ പിഴ നൽകിയാൽ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കൂ.
എമിറേറ്റ്സ് ഐ.ഡി കഴിഞ്ഞവരും പിഴ നൽകണം. ആദ്യദിനം 125 ദിർഹവും പിന്നീടുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് പിഴ ഈടാക്കുക. കൂടാതെ രാജ്യം വിടുമ്പോൾ 250 ദിർഹം അധികമായി നൽകണം. എമിറേറ്റ്സ് ഐ.ഡി പുതുക്കാത്തവർക്ക് ദിവസം 20 ദിർഹവും പിഴ ചുമത്തും.
വിസ സാധുവാണെങ്കിൽ ആറ് മാസത്തിൽ കൂടുതൽ യു.എ.ഇക്ക് പുറത്തുള്ള താമസവിസക്കാർക്ക് തിരിച്ചുവരാനാകുമെന്ന് ദുബായ് ഇമിഗ്രേഷൻ അറിയിച്ചു. താമസവിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പിഴകളെക്കുറിച്ചും കൂടുതലറിയാൻ വിവരങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (www.ica.gov.ae) വെബ്സൈറ്റിൽ ലഭ്യമാണ്.

