ലക്നൗ: ഉത്തർപ്രദേശിൽ പാർട്ടിയോഗത്തിൽ വച്ച് വനിതാ പ്രവർത്തകയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ്സിന് ദേശീയ തലത്തിൽ തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി ഒരു സമിതിയെ ചുമതലപ്പെടുത്തി.
ബലാത്സംഗ കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കുന്നതിനെ പാർട്ടി പരിപാടിയിൽ വച്ച് ചോദ്യം ചെയ്ത താരാ യാദവ് എന്ന വനിതാ അംഗത്തെ പാർട്ടി പ്രവർത്തകർ കൂട്ടമായി അക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അംഗങ്ങളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് പാർട്ടി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ ആക്രമണത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു, അതിൽ ഒന്നിലധികം ആളുകൾ ചേർന്ന് വനിതാ പ്രവർത്തകയെ ശാരീരികമായി ആക്രമിക്കുന്നതും വേദിയിൽ നിന്ന് തള്ളിയിടുന്നതും കാണാമായിരുന്നു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ നാല് ഭാരവാഹികൾക്കെതിരെ താരാ യാദവ് പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.
വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബലാത്സംഗ കേസിൽ പ്രതിയായിരുന്ന മുകുന്ദ് ഭാസ്‌കറിന് ടിക്കറ്റ് നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തെയാണ് താരാ യാദവ് ചോദ്യം ചെയ്തത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ഹത്രാസടക്കമുള്ള ബലാൽസംഗ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പി യെ പ്രതിക്കൂട്ടിൽ നിർത്തുന്ന കോൺഗ്രസ്സിന് വലിയ ക്ഷീണമാണ് ഈ സംഭവം മൂലം ഉണ്ടായത്.

