പത്തനംതിട്ട : ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്നാനത്തിനായി 20 ഷവര്‍ സംവിധാനം പമ്പ ത്രിവേണിയില്‍ ഒരുക്കും. തീര്‍ഥാടകര്‍ക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്പയിലെ സ്ഥലം തിരുവല്ല സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ നിശ്ചയിച്ചു.
തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പമ്പാ നദിയില്‍ സ്നാനം ചെയ്യാന്‍ അനുവദിക്കുകയില്ല. തീര്‍ഥാടകര്‍ക്ക് കുളിക്കാനായി 20 ഷവറും അകലം പാലിച്ചുള്ള മറയും സജ്ജമാക്കും. കുളിക്കുന്ന ജലം പമ്പാനദിയിലോ ജല സ്രോതസുകളിലോ പോകാതെയുള്ള ക്രമീകരണം ചെയ്യും. കുളിക്കുന്ന വെളളം ടാങ്കില്‍ സംഭരിച്ച് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റും. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച ( ഒക്ടോബര്‍ 12 ) മുതല്‍ ആരംഭിക്കും.
ഷവര്‍ സംവിധാനം, മറ, പ്ലംബിംഗ് ജോലികള്‍ എന്നിവ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കും. സ്നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോര്‍ഡിനാണ്. പൈപ്പ് കണക്ഷന്‍ വാട്ടര്‍ അതോറിറ്റി നല്‍കും. സാനിറ്റെസേഷന്‍ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം റവന്യു വകുപ്പ് നിര്‍വഹിക്കും.
റാന്നി തഹസിദാര്‍ നവീന്‍ബാബു, ഡെപ്യൂട്ടി തഹസിദാര്‍ അജികുമാര്‍, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ നദീര്‍, ദേവസ്വം ബോര്‍ഡ് എന്‍ജിനിയര്‍ ഷാജിമോന്‍, ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് ശശിധരന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തിരുവല്ല സബ് കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8477/Sabarimala.html