കെ.എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ.എസ്.ആർ.ടി.സി. മൊബൈൽ ആപ്പ്, കെ. എസ്. ആർ. ടി. സി. ലോജിസ്റ്റിക്‌സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ലാഭകരമായ വ്യവസായ സംരംഭം എന്നതിലുപരി ജനങ്ങളോടു പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിലാണ് കെ. എസ്. ആർ. ടി. സിയെ സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ കെ. എസ്. ആർ. ടി. സിയ്ക്ക് ആവശ്യമായ സഹായം സർക്കാർ നൽകുന്നത്. കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കാർഗോ സർവീസ് കെ. എസ്. ആർ. ടി. സിയെ സഹായിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഭരണഘടന സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവർക്ക് മിതമായ നിരക്കിൽ പാർസലുകൾ കെ. എസ്. ആർ. ടി. സി മുഖേന അയയ്ക്കാൻ കഴിയും. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിൽ നിന്ന് ഹൈക്കോടതി, വിവിധ കളക്ടറേറ്റുകൾ, മറ്റു പ്രധാന ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള പാർസലുകളും ഫയലുകളും അയയ്ക്കും. കൂടാതെ കെ. എം. എസ്. സി. എലിൽ നിന്നുള്ള മരുന്നും പി. ആർ. ഡി, കുടുംബശ്രീ എന്നിവയുടെ തപാലുകളും അയയ്ക്കും. അടുത്ത ഘട്ടത്തിൽ പി. എസ്. സി, സർവകലാശാലകൾ, പരീക്ഷാ ഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും ജി. പി. എസ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനങ്ങളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദിവസവും പതിനായിരത്തിലധികം യാത്രക്കാരാണ് കെ. എസ്. ആർ. ടി. സിയുടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനവും മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പുതിയതായി ആരംഭിച്ച മൊബൈൽ ആപ്പ് ടിക്കറ്റ് ബുക്കിംഗ് സൗകര്യപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, സി.എം.ഡി. ബിജു പ്രഭാകർ എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8404/KSRTC-mobile-app.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →