പുല്‍പ്പളളി: പുല്‍പ്പളളി ചീയമ്പം 73 കോളനിയില്‍ കടുവയിറങ്ങി ആടുകളെ കൊന്നു. തിങ്കളാഴ്ച (5.10.2010) വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം . ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയാണ് കടുവ കൊന്നത്. ആളുകള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഇരയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു.
കോളനിക്കാരും നാട്ടുകാരും പ്രതിഷേധവമായി രംഗത്തുവന്നു. അതോടെ ഐസി ബാലകൃഷ്ണന് എംഎല് എ സ്ഥലത്തെത്തി വനം വകുപ്പധികൃതരുമായി ചര്‍ച്ചനടത്തി. തുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ആരംഭിക്കാനും കൂട് സ്ഥാപിച്ച് കെണിയൊരുക്കി കടുവകളെ പിടികൂടാനും ഉളള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചക്കുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും വനം വകുപ്പു് ഉറപ്പുനല്‍കി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയില്‍ നിരവധി ആടുകളെയാണ് കടുവ പിടികൂടിയിട്ടുളളത്. ഒരാഴ്ചമുമ്പ് കടുവ ആക്രമിച്ച വളര്‍ത്തുമൃഗങ്ങളുമായി ഇരുളകത്തെ വനംവകുപ്പ് ആഫീസിലേക്ക് നാട്ടുകാര്‍ മാര്ച്ചുനടത്തിയിരുന്നു.

