മുംബൈ: കൊവിഡ് സ്ഥിരീകരിച്ച ഭർത്താവ് വീട്ടിൽ കിടന്നു മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വിസമ്മതിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ ഭന്‍ദാര ജില്ലയിലെ ലാഖന്ദൂരിലാണ് സംഭവം.
രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭർത്താവിനെ ആശുപത്രിയിലെത്തിക്കാതെ അവഗണിച്ചതിനാണ് കേസ്.
തെഹ്‌സില്‍ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഭാര്യക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് കേസ്. കുടുംബനാഥന് പനിയും മറ്റ് അസുഖങ്ങളും ബാധിച്ചതോടെ നടത്തിയ പരിശോധനയിൽ കൊവിഡാണെന്ന് കണ്ടെത്തിയിരുന്നു.
നിർദ്ദേശം ലഭിച്ചിട്ടും ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യ തയാറായില്ല. രോഗി വീട്ടിൽ കിടന്ന് ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു. തുടർന്നാണ് രോഗിയോടുള്ള അവഗണനയ്ക്കെതിരേ കേസെടുത്തത്.
രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ കേസെടുക്കുന്നത്.

