നഗരസഭാ ഭൂമിവിവാദത്തില്‍ മേയറും പ്രതിപക്ഷ കൗണ്‍സിലര്‍മാരും തമ്മില്‍ ബഹളം

കൊല്ലം: കൊല്ലം നഗരത്തിലെ ഉപാസനാ ആശുപത്രിക്കുസമീപമുളള നഗരസഭാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം മേയറും പ്രതിപക്ഷ കൗണ്‍സിലര്‍ മാരും തമ്മിലുളള ബഹളത്തില്‍ കലാശിച്ചു. മേയറുടെ മറുപടിയില്‍ തൃപ്തി വരാഞ്ഞ് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.

ആര്‍എസ്പി കൗണ്‍സിലര്‍ എംഎസ് ഗോപകുമാറാണ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. ഇവിടത്തെ ഏഴ് സെന്‍റ് ഭൂമി സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച മതില്‍ പൊളിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മിനിറ്റ്‌സ് തിരുത്ത് പുറത്തുവന്നപ്പോഴാണ് കയ്യേറ്റം പുറത്തായത്. ഈ ഭൂമി റെയില്‍വേക്ക് കൈമാറി ഈസ്റ്റ് പോലീസ് സ്‌റ്റേഷന് സമീപം ബസ് ടെര്‍മിനല്‍ എന്ന പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ തയ്യാറാവണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.

മേയറുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്ന വിധത്തിലുളളതായിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും മാനസീക രോഗികളാണ് പ്രതിപക്ഷത്തെക്കൊണ്ട് ഭൂമി വിവാദം ഉന്നയിപ്പിക്കുന്നതെന്നും വിവാദം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റിയാണെന്നും മേയര്‍ പറഞ്ഞു . അതേ തുടര്‍ന്ന് ഗോപകുമാര്‍ ക്ഷുഭിതനായി ചാടിയെഴുന്നേറ്റു. പിന്തണയുമായി കരുമാലില്‍ ഉദയസുകുമാരനും രംഗത്തെത്തി. ഇതോടെ മേയര്‍ മുന്‍നഗര സഭാ ചെയര്‍മാന്‍ കരുമാലില്‍ ഉദയസുകുമാരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതോടെയാണ്. പ്രതിപക്ഷാംഗങ്ങള്‍ ക്ഷുഭിതരായി ഇറങ്ങി പോയത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. കൂടുതല്‍ അംഗങ്ങളും വീട്ടിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. വളരെ കുറച്ചംഗങ്ങള്‍ മാത്രമാണ് കൗണ്‍സില്‍ ഹാളിലെത്തിയത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ എംഎ സത്താര്‍, ഷീബാ ആന്‍റണി, ചിന്താ എല്‍, ഗിരിജാ സുന്ദരന്‍, കൗണ്‍സിലര്‍മാരായ മീനാകുമാരി, എസ് ജയന്‍, സന്ധ്യാ ബൈജു ലൈലാകുമാരി ,തൂവനാട്ട് സുരേഷ്‌കുമാര്‍, നിസാര്‍, പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →