ലക്നൗ: ഹാത്രാസിൽ 19 കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്.
സമരങ്ങളുടെ വീഡിയോകളും ഫോട്ടോകളും ആളുകളെ തിരിച്ചറിയാനായി ഉപയോഗിക്കുമെന്നാണ് പൊലീസ് പറയുന്നത്. രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സാമുദായിക ഐക്യം തകർക്കൽ, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കൽ, ആദിത്യനാഥ് സർക്കാരിന്റെ പ്രതിച്ഛായല തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
യുപി പോലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഉത്തർപ്രദേശ് പൊലീസിൻ്റെ നടപടികൾക്കെതിരെ ബി ജെ പി നേതാക്കളിൽ നിന്നു തന്നെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.