തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അദ്ധ്യാപികയുടെ അഞ്ച് പവന് തൂക്കമുളളമാല ആഡംഭര ബൈക്കിലെത്തിയ പ്രതികള്‍ കവര്‍ന്നത്. പെരിഞ്ഞനം ചക്കാലക്കല്‍ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ശ്രീദേവിയുടെ മാലയാണ് കവര്‍ന്നത്.
ഉടന്‍തന്നെ പോലീസെത്തി വീട്ടിലെ സിസി ടിവി പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചു. അയല്ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ഉടന്‍ സന്ദേശങ്ങള്‍ കൈമാറി. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.ജെ.ജിജോയും സംഘവും അതുവഴി പാഞ്ഞുവന്ന ബൈക്ക് തടയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തു. ഇതിനിടയില്‍ രണ്ടാമന് ബൈക്കുമായി രക്ഷപെട്ടിരുന്നു. പിടിയിലുളള ആളെ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ സംഘത്തിലുളളവര്‍ എറണാകുളത്ത് ഉണ്ടെ്ന്ന കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് പോലീസിന് വിവരം നല്കി.
രണ്ടുസംഘങ്ങളായി തിരിഞ്ഞ പോലീസ് റെയില്‍വേ പോലീസിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പ്രതികളുടെ ലഭ്യമായ ക്യാമറാ ദൃശ്യങ്ങളും വിവരങ്ങളും നല്കി. ഓരോബസുകളിലും കയറി ആളുകളെ നിരീക്ഷിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നും രക്ഷപെട്ടയാള്‍ ബൈക്കില്‍ ഈ സമയം എറണാകുളത്തെത്തിയിരുന്നു. എറണാകുളത്തേക്ക് പാഞ്ഞെത്തിയ പോലീസ് സംഘം ആലുവാ അമ്പാട്ടുകാവില്‍ വെച്ച് ബൈക്കില്‍ പോവുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ബൈക്ക് തടഞ്ഞ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ കീഴടക്കി. ഇവരുടെ കൂട്ടുപ്രതിയെ പിന്നീട് ആലുവായില്‍ വെച്ച് പിടികൂടുകയും ചെയ്തു.
തൃശൂര്‍ എറണാകുളം ജില്ലകളിലെ അന്തിക്കാട് മുളന്തുരുത്തി, തൃപ്പൂണിത്തുറ,ബിനാനിപുരം എന്നിവിടങ്ങളില്‍ സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഉത്തരേന്ത്യയില്‍ നിന്ന് അതിവേഗ ബൈക്കുമായി കേരളത്തിലെത്തി മോഷണം നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

