ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ

കൊല്ലം : പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച സംഘത്തിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി മണിയൂർ വല്യകണ്ടത്തിൽ കെ. സുരേഷി (45)നെയാണു കൊല്ലം റൂറൽ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തുടനീളം ഒട്ടേറെപ്പേരിൽനിന്നു കോടികൾ തട്ടിയ കേസിലെ പ്രധാന പ്രതിയാണ് പൊലീസിൻ്റെ വലയിലായത്.

ഇയാൾ തമിഴ്നാട്ടിൽ ഒളിച്ചു താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മൈനാ​ഗപ്പള്ളി സ്വദേശിയായ പെൺകുട്ടിക്ക് ബാങ്കിൽ ജോലി വാ​ഗ്ദാനം ചെയ്ത് 11.25 ലക്ഷം രൂപ വെട്ടിച്ച കേസിലാണു ശാസ്താംകോട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മാത്രം ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ഓഫിസ് കേന്ദ്രീകരിച്ചാണു തട്ടിപ്പു നടത്തിയത്. നേരത്തേ പിടിയിലായ കൊട്ടാരക്കര അമ്പലക്കര സ്വദേശി ജിജോ ബാബുവാണു മറ്റൊരു പങ്കാളി. ഒരാൾ‌ കൂടി പിടിയിലാകാനുണ്ട്. ശാസ്താംകോട്ട എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ വിനയൻ, രാജേഷ് എന്നിവരാണു സുരേഷിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →