ബിഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; 70സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ കോണ്‍ഗ്രസ് 70 സീറ്റിലാകും മത്സരിക്കുക. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. ആര്‍ജെഡിയുടെ തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് തങ്ങളുടെ ക്വോട്ടയില്‍ നിന്ന് ആര്‍ജെഡി സീറ്റ് നല്‍കും. ധാരണ പ്രകാരം മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് ലഭിക്കുക. സിപിഐ ആറ് സീറ്റിലും സിപിഎം നാലിടത്തും സിപിഐ (എംഎല്‍) 19 ഇടത്തും ജനവിധി തേടും. നിലവില്‍ സിപിഐ(എംഎല്‍)ന് മൂന്ന് എംഎല്‍എമാരുണ്ട്. സീറ്റ് ധാരണക്ക് പുറമെ പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍ജെഡി അവരുടെ ആറു സീറ്റും ജെഎംഎമ്മിന് രണ്ട് സീറ്റ് സീറ്റും നീക്കിവെക്കുമെന്നാണ് സൂചന.

നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു-ബിജെപി-എല്‍ജെപി സഖ്യവും തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഇടതുപാര്‍ട്ടികള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ്. കൊറോണ വൈറസ്, കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങള്‍, വെള്ളപ്പൊക്കം തുടങ്ങിയവ കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് തേജസ്വി യാദവ് നിതീഷ് സര്‍ക്കാരിനെ ആക്രമിക്കുന്നിത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ ദിവസങ്ങളിലായി മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →