മണാലി: ശനിയാഴ്ച (03/10/20) പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം തുറന്നു കൊടുക്കുമ്പോൾ ഹിമാചൽ പ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങൾ പുതിയ പ്രതീക്ഷയിലാണ്. തുരങ്കം വരുന്നതോടെ ടൂറിസം രംഗത്തിന് പുത്തനുണർവുണ്ടാകും എന്നാണ് അവരുടെ പ്രതീക്ഷ.
റോഹ്താങ്ങിൽ അടൽ തുരങ്കം തുറക്കുന്നത് ലാഹോളിൽ ടൂറിസത്തിനും വിന്റർ സ്പോർട്സിനും പ്രചോദനമാകുമെന്ന് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നു. ലാഹോളിലേക്ക് ശീതകാല സഞ്ചാരം വാഗ്ദാനം ചെയ്യുന്നതാണ് തുരങ്കം. നിലവിൽ ജൂൺ മുതൽ ഏതാനും മാസങ്ങൾ മാത്രമാണ് ലാഹൗളിൽ ടൂറിസ്റ്റ് സീസൺ. തുരങ്കം സഞ്ചാരയോഗ്യമാകുന്നതോടെ കുറഞ്ഞത് ഏപ്രിൽ മുതൽ നവംബർ വരെ സീസൺ നീളുമെന്നാണ് അവരുടെ പ്രതീക്ഷ.
ഹിമാചൽ ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 12 ജില്ലകളിൽ ഏറ്റവും കുറവ് വിനോദസഞ്ചാരികളാണ് ലാഹോൾ-സ്പ്തി ജില്ല രേഖപ്പെടുത്തുന്നത്. 2018 ൽ 1.33 ലക്ഷം വിനോദസഞ്ചാരികൾ ജില്ല സന്ദർശിച്ചപ്പോൾ 30 ലക്ഷത്തിലധികം സഞ്ചാരികൾ തൊട്ടടുത്ത കുളുവിൽ സന്ദർശനം നടത്തിയിരുന്നു.
ആറുമാസക്കാലം മഞ്ഞുമൂടിയ ലാഹോളിന് അന്താരാഷ്ട്ര ശൈത്യകാല കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിവുണ്ടെന്നും അത്തരം കായിക വിനോദങ്ങൾക്ക് അനുയോജ്യമായ ചരിവുകളും കാലാവസ്ഥയും ഇവിടെയുണ്ടെന്നും പ്രദേശവാസിയായ അനിൽ സെഗാൾ പറഞ്ഞു. എല്ലാ വർഷവും ശൈത്യകാലത്തെ യതി ഉത്സവ വേളയിൽ താമസക്കാർക്കിടയിൽ സ്കീയിംഗ്, സ്നോബോർഡിംഗ് മത്സരങ്ങൾ നടക്കുന്നുണ്ടെന്ന് കീലോങ്ങിലെ നെഹ്രു യുവക് കേന്ദ്രത്തിന്റെ ഇൻചാർജ് രാം സിംഗ് പറയുന്നു. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ യതി യുൽസവത്തിൻ്റെ മുഖഛായ തന്നെ മാറുമെന്നും അദ്ദേഹം പറയുന്നു.

