മോഷണക്കേസില്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍

തൊടുപുഴ: ഉപ്പുകുന്ന്‌ അറക്കല്‍ ജോണ്‍സന്‍റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ ഡിവൈഎഫ്‌ഐയൂണിറ്റ് സെക്രട്ടറിയടക്കം അഞ്ചുപേര്‍ പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവ്‌ കരിമണ്ണൂര്‍ പന്നൂര്‍ തെറ്റാമലയില്‍ വിഷ്‌ണു(22) സമീപ വാസികളും സുഹൃത്തുക്കളുമായ തച്ചുമഠത്തില്‍ പ്രശാന്ത്‌ (24), പാറക്കല്‍ രാകേഷ്‌ (30), തച്ചുമഠത്തില്‍ സുധി(28), കാവാട്ടുകുന്നേല്‍ സനീഷ്‌(19) എന്നിവരാണ്‌ കരിമണ്ണൂര്‍ പോലീസിന്‍റെ പിടിയിലായത്‌. കഴിഞ്ഞ ബുധനാഴ്‌ച(30.09.2020)യാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

സംഭവത്തില്‍ ഉള്‍പ്പെട്ട പന്നൂര്‍ സ്വദേശി ഒളിവിലാണ്‌. ജലസേചന വകുപ്പില്‍ നിന്ന്‌ വിരമിച്ച ഉപ്പുകുന്ന്‌ അറക്കല്‍ ജോണ്‍സന്‍റെ വീട്ടില്‍ കഴിഞ്ഞമാസം 19 നാണ്‌ മോഷണം നടന്നത്‌. ജോണ്‍സന്‍റെ ഉപ്പുകുന്നിലുളള വീട്ടില്‍ വളരെ പഴക്കമേറിയ പമ്പിംഗ്‌ മോട്ടോര്‍ ഉള്‍പ്പടെയുളള വസ്‌തുക്കള്‍ ഉളളതായി പ്രതികള്‍ അറിഞ്ഞിരുന്നു. ഒന്നാം പ്രതി പ്രശാന്ത്‌, സുധി ,രാകേഷ്‌, ഒളിവില്‍ കഴിയുന്ന എല്‍ദോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്ഥലം കണ്ടെത്തി വയ്‌ക്കുകയും രാത്രിയില്‍ മറ്റു പ്രതികളുമൊന്നിച്ച മോഷണം നത്തുകയുമായിരുന്നു.

10 എച്ച്‌പി ശേഷിയുളള പമ്പിംഗ്‌ മോട്ടോര്‍, നിരവധി ചെറിയ മോട്ടോറുകള്‍, പഴയ ടിവി, പഴയ മോഡല്‍ പെഡസ്‌ട്രിയല്‍ ഫാന്‍ തുടങ്ങി 15 ഓളം വസ്‌തുക്കളാണ്‌ മോഷ്ടിച്ച്‌ കടത്തിയത്‌. മോട്ടോറും മറ്റുപകരണങ്ങളും പൊളിച്ച്‌ ഉളളിലുളള കോയിലുകളും മറ്റും എടുത്തശേഷം ബാക്കിയുളളവ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതികള്‍ ഒളിപ്പിച്ചുവച്ചിരുന്ന 15 ഇനം സാധനങ്ങളും മോഷണത്തിനുപയോഗിച്ച രണ്ട്‌ കാറുകളും ഒരു ഓട്ടോറിക്ഷയും രണ്ട്‌ ബൈക്കും പോലീസ്‌ പിടിച്ചെടുത്തു. പ്രശാന്തിന്റെ കൈവശമുണ്ടായിരുന്ന കാര്‍ സംഭവ ദിവസം മോഷണം നടന്ന വീടിന്‍റെ സമീപം എത്തിയതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിരുന്നു.

ഒന്നാംപ്രതി പ്രശാന്ത്‌ ഉടുമ്പന്നൂര്‍ മേഖലയില്‍ വ്യാപകമായി കഞ്ചാവ്‌ വ്യാപാരം നടത്തിയിട്ടുളളതായും പോലീസ്‌ പറഞ്ഞു . മോഷണ വസ്‌തുക്കള്‍ക്ക്‌ ഒന്നരലക്ഷം രൂപ വിലവരുമെന്നാണ്‌ ഉടമ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നത്‌.

കരിമണ്ണൂര്‍ എസ്‌ഐ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ ജബ്ബാര്‍, എഎസ്‌ഐമാരായ രാജേഷ്‌, നജീബ്‌, റെജി, ഉദ്യോഗസ്ഥരായ ഷക്കീര്‍, ജോബിന്‍, കുര്യന്‍, ബൈജു, രജനീഷ്‌, രാജേഷ്‌,അനീഷ്‌ ,മുജീബ്‌ എന്നിവരടങ്ങിയ പോലീസ്‌ സംഘമാണ്‌പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →