പത്തനം തിട്ട: ഗര്‍ഭിണിക്ക് യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചതായി പരാതി. റാന്നി തോട്ടമണ്‍ സ്വദേശിനിയായ മോനിഷയുടെ കുട്ടിയാണ് മരിച്ചത്. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ 30.09.2020 ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോനിഷയ്ക്ക് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പ്രസവ വേദന തുടങ്ങിയത്. ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കപ്പെട്ട മോനിഷ പ്രസവിച്ച് അല്‍പ്പ സമയത്തിനുശേഷം കുട്ടി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ബഹളം വെച്ചതോടെ പോലീസില്‍ വിവരം അറിയിച്ചു. മോനിഷക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതുകൊണ്ടാണ് കുട്ടി മരിക്കാന്‍ ഇടയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ലേബര്‍ റൂമില്‍ കയറി മണിക്കൂറുകള്‍ക്കുശേഷമാണ് ഡോക്ടര്‍മാര്‍ നോക്കാന്‍ വന്നതത്രെ. എന്നാല്‍ സംഭവം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

