ലക്‌നൗ: ഞങ്ങളുടെ മകളെ അവസാനമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണെന്ന് വ്യക്തമാക്കി ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ്. ഇരയുടെ മൃതദേഹം യുപി പോലീസ് ബലമായി സംസ്‌കരിച്ചുവെന്ന ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചതായും നീതി ലഭിക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കിയതായും പിതാവ് പറഞ്ഞു.
യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഉത്തര്‍പ്രദേശ് പോലീസ് സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് പോലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ മാതാപിതാക്കളെ പോലീസ് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പോലീസുകാര്‍ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയത്. പോലീസ് നടപടി തടസ്സപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് ഹഥ്രാസില്‍ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംസ്‌കരിച്ചത്.

