ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് -19 വാക്‌സിന്‍ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയം പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആണ് പോര്‍ട്ടല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രവര്‍ത്തനങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും കോവിഡ് -19 വാക്‌സിന്‍ റിസര്‍ച്ച്-ഡെവലപ്‌മെന്റ്, ക്ലിനിക്കല്‍ ട്രയലുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യും. ക്രമേണ, വിവിധ രോഗങ്ങള്‍ തടയാന്‍ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളുടെയും വിവരങ്ങളും സൈറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് 19 പ്രതിരോധ വാക്സിന്‍ 2021 ആദ്യമാസങ്ങളോടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാക്സിന്‍ ഗവേഷണം ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ മൂന്ന് വ്യത്യസ്ത ഗവേഷണങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. 2021-ന്റെ ആദ്യപാദത്തോടെ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.