കോഴിക്കോട് : കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള നൂറോളം യാത്രക്കാരുടെ യാത്ര മുടങ്ങിയതിനു പിന്നിൽ വ്യാജ കോവിഡ് പരിശോധകരെന്ന് സൂചന. നേരത്തെ മെക്രോലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്തയാൾക്ക് ദുബായിലെത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ദുബൈയിൽ മൈക്രോ ലാബിൻ്റെ സർടിഫിക്കറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കു മൂലം നൂറോളം യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്. എന്നാൽ ഈ സർടിഫിക്കറ്റിനു പിന്നിൽ വ്യാജൻമാരാണ് എന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോർട്ട്.
വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയതിന് വളാഞ്ചേരിയിലെ അർമ ലാബ് ലക്ഷങ്ങൾ തട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 2500 പേരുടെ സാമ്പിളുകളാണ് ഇവർ ശേഖരിച്ചത്. ഇതിൽ 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റാണ്. 2750 രൂപയാണ് ഒരാളുടെ പരിശോധനക്ക് ഈടാക്കിയിരുന്നത്.
ഇത്തരത്തിൽ 50 ലക്ഷം രൂപയെങ്കിലും തട്ടിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ മൈക്രോ ലാബിൻെറ പേരിലാണ് അർമ ലാബ് തട്ടിപ്പ് നടത്തിയത്. പരിശോധനക്ക് ലഭിക്കുന്ന സ്രവം കോഴിക്കോട്ടേക്ക് അയക്കാതെ ലാബിൽ തന്നെ നശിപ്പിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുക യായിരുന്നു ഇവർ ചെയ്തത്. 496 സാമ്പിളുകൾ മാത്രമാണ് ഇവർ പരിശോധനയ്ക്ക് അയച്ചത്.
ലാബ് നടത്തിപ്പുകാരനായ ഒരാൾ റിമാൻഡിലാണ്. മറ്റുള്ളവർ കോവിഡ് ബാധിച്ചതിനാൽ പൊലീസിൻെറ നിരീക്ഷണത്തിലാണ്. രോഗം ഭേദമായ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
സെപ്റ്റംബർ 14ന് പെരിന്തൽമണ്ണ അർമ ലാബിൽ ടെസ്റ്റ് നടത്തിയ ആൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകിയത്. എന്നാൽ, ആരോഗ്യ വകുപ്പിൽനിന്ന് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്ന് കോഴിക്കോട്ടെ ലാബുമായി ബന്ധപ്പെട്ടു. ഇവർ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കോവിഡ് സ്രവ പരിശോധനക്ക് അംഗീകാരമുള്ള കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ കലക്ഷൻ ഏജൻറായിരുന്നു അർമ ലാബ്.