ഇടുക്കി സുഭിക്ഷ കേരളം പദ്ധതി; കരനെല്‍ കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി

ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം തരിശ് ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതിയതായി കൃഷിയിറക്കിയത്.

ഇതില്‍ അനസ് വാകമറ്റം എന്ന പ്രവാസിയുടെ നേതൃത്വത്തില്‍ നാല് പേരടങ്ങുന്ന ജെ.എല്‍.ജി. ഗ്രൂപ്പ് 40 സെന്റ് സ്ഥലത്ത് നടത്തിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. മനു രത്‌ന എന്ന ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. തരിശ് ഭൂമി കൃഷിക്കനുയോജ്യമാക്കുന്ന മുഴുവന്‍ പ്രവര്‍ത്തികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തികരിച്ചത്. വിളവെടുപ്പ് ഉത്സവം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം ചെയ്തു. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ്, പഞ്ചായത്ത് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി.അജിത്കുമാര്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, കൃഷി ഓഫീസര്‍ ബേബി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ്, വി.എസ്. പ്രിന്‍സ്, ഫര്‍സ സലീം, ബേബി ജോസഫ് അബ്ദുള്‍ സമദ്, സീനനവാസ്, ഫര്‍സ സലീം എന്നിവര്‍ പ്രസംഗിച്ചു. ടി.എം. മുജീബ് സ്വാഗതവും അബ്ദുള്‍ ഷെറീഫ് നന്ദിയും പറഞ്ഞു.

കൊയ്ത്ത് ഉള്‍പ്പെടെ മുഴുവന്‍ ജോലികളും ഇടവെട്ടിച്ചിറ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ചെയ്തത്. ഇതോടൊപ്പം സമീപത്തായി ആറ് പുതിയ കുളങ്ങള്‍ നിര്‍മ്മിച്ച് മീന്‍കൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8190/Subhiksha-keralam-project.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →