18 സിക്സറുകൾ രാജസ്ഥാൻ പഞ്ചാബിനെ തകർത്തു

ദുബൈ: ബാറ്റിംഗ് മികവിൽ രാജസ്ഥാന് ആവേശകരമായ വിജയം.
പഞ്ചാബ് ഉയർത്തിയ 224 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 18 സിക്‌സറുകളാണ് രാജസ്ഥാന്‍ താരങ്ങളുടെ വില്ലോയില്‍ നിന്ന് പാഞ്ഞത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റണ്‍സില്‍ ജോസ് ബട്ട്‌ലറെ (4) നഷ്ടമായി. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ നിലംപരിശാക്കുകയായിരുന്നു.
81 റണ്‍സ് കൂട്ടുകെട്ടാണ് സ്മിത്ത് – സഞ്ജു കൂട്ടുകെട്ട് നേടിയത്. 27 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 50 റണ്‍സെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്മിത്ത് പുറത്തായ ശേഷവും തകര്‍ത്തടിച്ച സഞ്ജു 42 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും നാലു ഫോറുമടക്കം 85 റണ്‍സെടുത്ത് 17-ാം ഓവറിലാണ് പുറത്തായത്.

അതേസമയം സ്മിത്ത് പുറത്തായ ശേഷം ഇറങ്ങിയ രാഹുല്‍ തെവാതിയ കോട്രലിന്റെ ഓവറില്‍ അഞ്ചു സിക്‌സടിച്ച്‌ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 31 പന്തില്‍ നിന്ന് ഏഴു സിക്‌സര്‍ സഹിതം 53 റണ്‍സെടുത്താണ് തെവാതിയ മടങ്ങിയത്. മൂന്നു പന്തില്‍ നിന്ന് രണ്ടു സിക്‌സ് സഹിതം 13 റണ്‍സെടുത്ത ആര്‍ച്ചറും രാജസ്ഥാന്‍ വിജയം വേഗത്തിലാക്കി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലുമാണ് പഞ്ചാബിന് മികച്ച സ്കോര്‍ നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →