കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊന്ന് കിണറ്റിലിട്ടയാൾ പോലീസ് പിടിയിൽ

അഗളി: അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശിനി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശെൽവിക്കൊപ്പം താമസിച്ചിരുന്ന ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു. 26-9 -2020 ശനിയാഴ്ച രാവിലെയാണ് ശെൽവിയെ (39) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹംസയെ (52) തൃശൂർ വടക്കേക്കാട്ടുനിന്ന് പോലീസ് കസ്റ്റഡയിലെടുത്തു. ഞായറാഴ്ച കക്കുപ്പടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

25 ന് വെള്ളിയാഴ്ച അർധരാത്രിയിൽ മദ്യലഹരിയിലായിരുന്ന ഹംസ ഇരുമ്പുദണ്ഡുപയോഗിച്ച് ശെൽവിയുടെ തലയ്ക്കടിച്ച് വീഴ്ത്തി. മരണമുറപ്പാക്കാൻ പ്ലാസിറ്റിക് കയറുകൊണ്ട് കഴുത്തിൽ മുറുക്കിയശേഷം കത്തിയുപയോഗിച്ച് വയറിൽ കുത്തുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. ശേഷം കിണറ്റിലേക്ക് മൃതദേഹം തള്ളിയിട്ട് പുലർച്ചെ മൂന്നുമണിയോടെ ബൈക്കിൽ തൃശൂരിലേക്ക് പോകുകയായിരുന്നു.

അട്ടപ്പാടിയിൽ ഹംസ ലോട്ടറിക്കച്ചവടമാണ് ചെയ്തിരുന്നത്.
ശെൽവി തൊഴുലുറപ്പ് ജോലിക്കും പോവുകയായിരുന്നു. ശെൽവിയോടുള്ള സംശയം കാരണം നിരന്തരം മദ്യപിച്ച് കലഹിക്കുന്നത് പതിവായതോടെ വീട്ടുടമസ്ഥൻ മാറിത്തരാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, ഒരാഴ്ച മുമ്പാണ് കക്കുപ്പടിയിലേക്ക് ഇരുവരും താമസം മാറിയത്.

തൃശൂരിലെ ഹംസയുടെ വീട്ടിലേക്ക് വേലക്കാരിയായി ഒൻപതുവർഷം മുമ്പ് തമിഴ്നാട്ടിലെ വില്ലുപുരത്തെ കള്ളക്കുറിശ്ശിയിൽനിന്ന് എത്തിയതായിരുന്നു ശെൽവി. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ള ശെൽവിയോട് പ്രണയം നടിച്ച് രണ്ടുവർഷം മുമ്പ് ശെൽവിയുമായി വയനാട്ടിലേക്ക് നാടുവിട്ടു. തുടർന്നാണ് അട്ടപ്പാടിയിലെ പാടവയലിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഹംസയ്ക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്.

ഹംസയെ എ.എസ്.പി. പദംസിങ്, അഗളി സി.ഐ. ബി.കെ. സുനിൽകൃഷ്ണൻ, എസ്.ഐ. രതീഷ്, ഷേണു, എസ്.സി.പി.ഒ. ദേവസ്യ, സുന്ദരി, സി.പി.ഒ. ഗോപൻ, ശ്രീരാജ്, അബുജാഫർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →