ന്യൂയോര്‍ക്ക്: വ്യാഴത്തിന്റെ ഉത്തരധ്രുവത്തില്‍ രൂപം കൊണ്ട ചുഴലികാറ്റുകളുടെ കോസ്മിക് ചിത്രങ്ങള്‍ പങ്ക് വച്ച നാസ. വ്യാഴത്തിന്റെ റോസാപ്പൂക്കള്‍: നിങ്ങള്‍ക്കായി ഒരു കോസ്മിക് പൂച്ചെണ്ട് എന്ന ടാഗുമായാണ് നാസ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. വ്യാഴത്തിന്റെ ഉത്തരധ്രുവത്തില്‍ കാണപ്പെടുന്ന കൂറ്റന്‍, സ്ഥിരമായ ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തിന്റെ ദൃശ്യമാണിതെന്നതാണ് പ്രത്യേകത. ചെറിയ ചുഴലിക്കാറ്റുകള്‍ വലയം ചെയ്ത് 2,500 മുതല്‍ 2,900 മൈല്‍ വരെ (4,000 മുതല്‍ 4,600 കിലോമീറ്റര്‍ വരെ) വലുപ്പമുള്ള കൊടുങ്കാറ്റാവാന്‍ പോവുന്നതിന്റെ ദൃശ്യമാണിത്. ജെറാള്‍ഡ് ഐക്സ്റ്റാഡ് എന്ന ശാസ്ത്രജ്ഞന്‍ ജുനോകാം ഉപകരണം ഉപയോഗിച്ചാണ് ഈ സംയോജിത ചിത്രം പകര്‍ത്തിയിരിക്കുന്നത്.
കലൈഡോസ്‌കോപ്പില്‍ കൂടി നോക്കും പോലെയുള്ള വര്‍ണ ചിത്രമെന്നാണ് ഇതിനകം വൈറലായ പോസ്റ്റിന് വന്നിരിക്കുന്ന കമന്റുകളിലൊന്ന്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

