ബിജിങ്: ചൈനയിലെ ഏറ്റവും സമ്പന്നനായി കുപ്പിവെള്ള, വാക്സിന് വ്യവസായി സോങ് ഷാന്‍ഷന്‍. ചോങ് ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി. ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംബാനിയാണ് ഏഷ്യയിലെ അതിസമ്പന്നന്. രാജ്യാന്തരതലത്തില്‍ 17ാം സ്ഥാനത്താണ് അംബാനി. ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം സോങ് ഷാന്‍ഷന്റെ മൊത്തം ആസ്തി ഇന്നലെ 58.7 ബില്യണ്‍ ഡോളറിലെത്തി. ഇത് ജാക് മായുടെ ആസ്തിയേക്കാള്‍ 200 കോടി ഡോളര്‍ കൂടുതലാണെന്നു ബ്ലുംബെര്‍ഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇ- കൊമേഴ്സ് വമ്പനായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മായുടെ ഒന്നാം സ്ഥാനത്തേക്കാണ് സോങ് കുതിച്ചെത്തിയിരിക്കുന്നത്.
രാഷ്ട്രീയത്തെയും ക്ലബ് ബിസിനസ്സ് ഗ്രൂപ്പുകളെയും ഒഴിവാക്കുന്നതിനാല്‍ ”ലോണ്‍ വൂള്‍ഫ്” എന്നാണ് നാട്ടില്‍ സോങിന്റെ വിളിപ്പേര്. ഹോങ്കോങ്ങിലെ ഏറ്റവും പ്രചാരമുള്ള കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗ് കമ്പനിയുടെ ഐപിഒ ആണ് സോങിന്റെ സമ്പാദ്യത്തില്‍ കുത്തനെ യുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍. ഐപിഒ വന്‍ വിജയമായതോടെ ഈ മാസം ആദ്യം ചൈനയിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരില്‍ ഒരാളായി സോങ് മാറിയിരുന്നു. സോങിന്റെ ഉടമസ്ഥതയിലുള്ള വാക്സിന് നിര്‍മാണ കമ്പനിയായ ബീജിങ്ങ് വാണ്ടായ് ബയോളജിക്കല്‍ ഫാര്‍മസിയുടെ ആസ്തി ഓഗസ്റ്റ് ആദ്യം 20 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
2020ല്‍ സോങിന്റെ സമ്പാദ്യം ഏകദേശം 52 ബില്യണ്‍ ഡോളറാണ് ഉയര്‍ന്നത്. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ എലോണ്‍ മസ്കിനെയും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ മറ്റാരെക്കാളും വലിയ വളര്‍ച്ചയാണിത്. ടെക് സ്റ്റോക്കിലെ തകര്‍ച്ച മൂലം ഇരുവരും ഇന്നലെ കനത്ത നഷ്ടമാണ് നേരിട്ടത്. മസ്ക്കിന്റെ സമ്പാദ്യത്തില്‍ ഏകദേശം 10 ബില്യണിന്റെ കുറവാണ് ഉണ്ടായത്.

