കല്ലമ്പലം: നാവായിക്കുളം വില്ലജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ രംഗത്തെത്തി. നാവായിക്കുളം വില്ലേജിന്‍റെ ഒരുഭാഗം കടവൂര്‍ വില്ലേജോഫീസിലേക്ക് മാറ്റിയിരുന്നു. പക്ഷെ നാവായിക്കുളം വില്ലേജ് ഓഫീസിലെ ഭൂവുടമകളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. രണ്ട് വര്‍ഷം മുമ്പ് വില്ലേജിലെ ഭൂരേഖകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി ഭൂമിസംബന്ധമായ ഇടപാടുകള്‍ നടന്നുവരികയാണ്. എന്നാല്‍ കമ്പ്യൂട്ടറില്‍ രേഖകള്‍ ഉള്‍ക്കൊളളിച്ചപ്പോള്‍ നിലവിലുളള പട്ടയവസ്തു ഉടമകളുടെ രേഖകളില്‍ പിശകുണ്ടായതായി ആക്ഷേപമുണ്ട്.
യഥാര്‍ത്ഥ പട്ടയക്കാരന്‍റെ പേരിലും മേല്‍വിലാസത്തിലും തെറ്റുപറ്റിയതായും ഇതുമൂലം പലര്‍ക്കും കരമടക്കുന്നതിനോ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനോ കഴിയാത്ത സാഹചര്യമാണുളളതെന്നും ഭൂവുടമകള്‍ പറയുന്നു. പിശകുകള്‍ പരിശോധിക്കുന്നതിന് ആവശ്യമായ തണ്ടപ്പേര്‍ രജിസ്റ്റരുകള്‍ പോക്കുവരവ് സംബന്ധമായ കേസുകള്‍ക്കായി ഹൈക്കോടതിയിലേക്ക് കൊണ്ടുപോയിട്ട് ഒന്നര വര്‍ഷത്തിലേറെ ആയതായും ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നുമാണ് വില്ലേജ് അധികാരികള്‍ പറയുന്നത്.
വസ്തു ഉടമകള്‍ക്ക് കരമടക്കുന്നതിന് കഴിയുന്നില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കേണ്ട ലോണുകള്‍ ഒന്നും ലഭിക്കുന്നില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് ഭൂവുടമകള്‍ ആവശ്യപ്പെടുന്നു.

